ബി.സി. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച് സത്യവിശ്വാസത്തിനു വേണ്ടി രക്തസാക്ഷിമരണം വരിച്ച ധീര വിശുദ്ധരാണ് മര്‍ത്തശ്മൂനിയമ്മയും (വി. ശ്മൂനി) അവളുടെ വിശുദ്ധരായ ഏഴു മക്കളും അവരുടെ ഗുരുവായ മാര്‍ ഏലയസാറും.
മക്കാബിയരുടെ രണ്ടാം പുസ്തകത്തില്‍ ഈ വിശുദ്ധരെക്കുറിച്ച് പരാമര്‍ശിക്കുന്നു. മക്കാബിയര്‍ 4, 6 എന്നീ പുസ്തകങ്ങളിലും ഇവരെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഗ്രീക്ക് സെലൂസിഡ് രാജാവായ അന്ത്യോക്കസ് എപ്പിഫാനസ് ഇസ്രായേല്‍ജനതയെ ആക്രമിക്കുകയും അടിമകളാക്കുകയും യരുശലേംദേവാലയം നശിപ്പിക്കുകയും അവരുടെ ആരാധനാസ്വാതന്ത്ര്യം ഹനിക്കുകയും ചെയ്തു. രാജാവിനെ ഇസ്രായേല്യര്‍ ശക്തമായി എതിര്‍ത്തിരുന്നു. അനേകരെ രാജാവ് ക്രൂരമായി കൊന്നൊടുക്കി. അക്കൂട്ടത്തില്‍ പ്രമുഖനായിരുന്നു പുരോഹിതനും ഗുരുവുമായിരുന്ന വയോധികനായ മാര്‍ ഏലയസാര്‍. സത്യദൈവ വിശ്വാസം ഉപേക്ഷിക്കുന്നതിനു വിസമ്മതിച്ച അദ്ദേഹത്തെ രാജഭടന്മാര്‍ ക്രൂരമായി കൊന്നു. അതേപോലെ മര്‍ത്തശ്മൂനിയെയും ഏഴു മക്കളെയും രാജകല്പനപ്രകാരം ബന്ധിക്കുകയും സത്യവിശ്വാസം ത്യജിക്കുന്നതിന് വിസമ്മതിച്ച ഏഴു മക്കളെ മൂത്തതു മുതല്‍ ഇളയതു വരെയായി ഓരോരുത്തരെയും അതിനുശേഷം അമ്മയെയും ക്രൂരമായി കൊന്നു.
മക്കാബിയരുടെ നേതൃത്വത്തില്‍ അന്ത്യോക്കസ് എപ്പിഫാനസ് രാജാവിനെതിരെ പോരാടിയ യഹൂദജനതയ്ക്ക്, സത്യവിശ്വാസത്തിനു വേണ്ടി നിലകൊണ്ട ഈ അമ്മയും ഏഴു മക്കളും അവരുടെ ഗുരുവും വലിയ ഊര്‍ജ്ജവും പ്രചോദനവുമാണ് നല്കിയത്. യുദ്ധത്തില്‍ അവര്‍ വിജയിക്കുകയും സ്വാതന്ത്ര്യം നേടുകയും ചെയ്തു
ആദിമക്രൈസ്തവര്‍ക്ക് പീഡകരെ അതിജീവിക്കുന്നതില്‍ പ്രചോദനമായിരുന്നതിനാലാവണം ആദിമസഭ മര്‍ത്തശ്മൂനിയമ്മയെയും അവളുടെ വിശുദ്ധരായ ഏഴു മക്കളെയും അവരുടെ ഗുരുവായ മാര്‍ ഏലയസാറിനെയും വിശുദ്ധരായി ഗണിച്ച് അവരുടെ ഓര്‍മ്മ ആചരിച്ചു വന്നത്.