ഓറിൻറൽ ഓർത്തഡോക്സ് സഭാ കുടുംബത്തിൽപ്പെട്ട ഒരു സഭയാണ് മലങ്കര ഓർത്തഡോക്സ് സഭ അഥവാ ഇന്ത്യൻ ഓർത്തഡോക്സ് സഭ. മറ്റ് ഓർത്തഡോക്സ് സഭകളെപ്പോലെ മലങ്കര ഓർത്തഡോക്സ് സഭയും ഒരു ദേശീയസഭയാണ്.

യേശുക്രിസ്തു പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും ആണെന്നും യേശുക്രിസ്തുവിൻറെ ദൈവത്വവും മനുഷ്യത്വവും കലർപ്പില്ലാതെയും കൂടിക്കലരാതെയും മാറ്റങ്ങൾ ഇല്ലാതെയും വേർതിരിക്കാൻ ആകാത്തവണ്ണം യോജിച്ചിരിക്കുന്നു എന്നുള്ള മിയാഫിസൈറ്റ് ക്രിസ്തുശാസ്ത്രം (സംഘടിതസ്വഭാവ ക്രിസ്തുശാസ്ത്രം) എന്ന് വിളിക്കുന്ന അലക്സാന്ത്രിയൻ വേദശാസ്ത്രമാണ് ഓറിയൻറൽ ഓർത്തഡോക്സ് സഭകൾ സ്വീകരിച്ചിരിക്കുന്നത്.

കോപ്റ്റിക് ഓർത്തഡോക്സ് സഭ, സുറിയാനി ഓർത്തഡോക്സ് സഭ, അർമേനിയൻ ഓർത്തഡോക്സ് സഭ, എത്യോപ്യൻ ഓർത്തഡോൿസ് സഭ, എറിത്രിയൻ ഓർത്തഡോക്സ് സഭ, മലങ്കര ഓർത്തഡോക്സ് സഭ എന്നീ ആറ് സ്വയം-ശീർഷകത്വ സഭകളാണ് ഓറിയൻറൽ ഓർത്തഡോക്സ് സഭാ കുടുംബത്തിൽ ഉള്ളത്.

നിഖ്യാ, കുസ്തന്തീനോസ് പോലീസ്, എഫേസൂസ് എന്നീ മൂന്നു പൊതു സുന്നഹദോസുകൾ ആണ് ഓറിയൻറൽ ഓർത്തഡോക്സ് സഭകൾ അംഗീകരിക്കുന്നവ. ഓറിയൻറൽ ഓർത്തഡോക്സ് സഭകൾ എ ഡി 451-ലെ കല്ക്കദോൻ സുന്നഹദോസ് അംഗീകരിക്കുന്നില്ല. അതിനാൽ ഓറിയൻറൽ ഓർത്തഡോക്സ് സഭകളെ കല്ക്കദോന്യേതര സഭകളെന്നും വിളിക്കാറുണ്ട്.